Thursday, September 13, 2012

തട്ടിപ്പ് തടയാന്‍ അദൃശ്യ ക്യു.ആര്‍.കോഡ്‌ !!

 കറന്‍സി നോട്ടുകളുടെയും അച്ചടിച്ച രേഖകളുടെയും വ്യാജപതിപ്പുകള്‍ തടയാന്‍ ക്യു.ആര്‍.കോഡ് തുണയായേക്കും. തട്ടിപ്പ് തടഞ്ഞ് സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന അദൃശ്യ ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. നീല, പച്ച നിറങ്ങളിലുള്ള ഫ് ളൂറസെന്‍സ് മഷിക്കൊപ്പം നാനോകണങ്ങളുപയോഗിച്ചാണ് ഗവേഷകര്‍ അദൃശ്യ ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിച്ചത് - എ.ഒ.പി.യുടെ 'നാനോടെക്‌നോളജി' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ മാത്രമേ കോഡുകള്‍ ദൃശ്യമാകൂ.

സൗത്ത് ഡകോട്ട സര്‍വകലാശാലയിലെയും സൗത്ത് ഡകോട്ട സ്‌കൂള്‍ ഓഫ് മൈന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെയും ഗവേഷകരാണ് പുതിയ മുന്നേറ്റത്തിന് പിന്നില്‍. കമ്പ്യൂട്ടര്‍-നിര്‍മിത ഡിസൈന്‍ (സി.എ.ഡി) പ്രക്രിയയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന ക്യു.ആര്‍.കോഡ്, ഒരു ഏറോസോള്‍ ജറ്റ് പ്രിന്റര്‍ ഉപയോഗിച്ചാണ് നോട്ടുകളിലും രേഖകളിലും അച്ചടിക്കുക.

അദൃശ്യ ക്യു.ആര്‍.കോഡുകളുടെ സാന്നിധ്യം നോട്ടുകളുടെയും മറ്റും സുരക്ഷ കാര്യമായി വര്‍ധിപ്പിക്കുമെന്നും, അത്തരം നോട്ടുകളുടെ ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിക്കുക ബുദ്ധിമുട്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.

'ക്വിക്ക് റെസ്‌പോണ്‍സ് കോഡ്' എന്നതിന്റെ ചുരുക്കപ്പേരാണ് ക്യു.ആര്‍.കോഡ് . കറുത്ത വരകളുള്ള സാധാരണ ബാര്‍കോഡുകള്‍ക്ക് പകരം, പ്രത്യേകരീതിയില്‍ സൃഷ്ടിക്കപ്പെടുന്ന ദ്വിമാന മാട്രിക്‌സ് കോഡുകളാണിവ. ബാര്‍കോഡുകളെ അപേക്ഷിച്ച് നൂറുമടങ്ങ് കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍.കോഡുകള്‍ക്ക് സാധിക്കും.

ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണുകളുപയോഗിച്ച് ക്യു.ആര്‍.കോഡുകളുടെ ചിത്രമെടുത്താല്‍ ഉടന്‍തന്നെ അതിലുള്ള ഡാറ്റ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം. നിലവില്‍ പരസ്യങ്ങളിലും മാര്‍ക്കറ്റിങ് രംഗത്തുമാണ് ക്യു.ആര്‍.കോഡുകളുടെ സാധ്യത കാര്യമായി ഉപയോഗിക്കുന്നത്.

ടൊയോട്ട കമ്പനിക്ക് കീഴില്‍ വാഹന നിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകളുടെ നീക്കം സുഗമമാക്കാന്‍ 1994 ല്‍ ആദ്യമായി നിലവില്‍ വന്ന ക്യു.ആര്‍.കോഡിന്റെ പുതിയൊരു ഭാവിസാധ്യതയാണ് ഡകോട്ട ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

രണ്ടുനിറത്തിലുള്ള മഷികള്‍ ഉപയോഗിക്കുന്നതിനാല്‍, വൈവിധ്യമേറിയ രൂപങ്ങളും ചിഹ്നങ്ങളും വ്യത്യസ്ത രീതികളില്‍ സൂക്ഷ്മവ്യതിയാനങ്ങളോടെ അദൃശ്യ ക്യു.ആര്‍.കോഡുകളില്‍ സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ഇത്തരം സങ്കീര്‍ണത മൂലം ഇവയുടെ വ്യാജപതിപ്പ് സൃഷ്ടിക്കുക വളരെ ശ്രമകരമായിരിക്കും.

പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ച് അദൃശ്യ ക്യു.ആര്‍.കോഡിനെ സ്‌കാന്‍ ചെയ്യുമ്പോള്‍ അത് ദൃശ്യമാകും. ഒരിക്കല്‍ ദൃശ്യമായിക്കഴിഞ്ഞാല്‍ പരമ്പരാഗത രീതിയില്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യു.ആര്‍.റീഡര്‍ ഉപയോഗിച്ച് അത് വായിച്ചെടുക്കാന്‍ കഴിയും.

അദൃശ്യ ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന നാനോകണങ്ങള്‍ രാസപരമായും ഭൗതികമായും സ്ഥിരതയുള്ളവയാണ്. അതിനാല്‍ നോട്ടുകളോ, രേഖകളോ മടക്കിയെന്നോ, അവയില്‍ പാടുകള്‍ വിണെന്നോ കരുതി കുഴപ്പമില്ല. കോഡ് പതിച്ച കടലാസ് കഷണം 50 തവണ മടക്കിയാലും അതിലെ ക്യു.ആര്‍.കോഡ് വായിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടു.

നോട്ടുകളിലും കടലാസിലും മാത്രമല്ല, ഗ്ലാസ് പ്രതലത്തിലും മടക്കാവുന്ന പ്ലാസ്റ്റിക് ഫിലിമിന് മേലുമൊക്കെ അദൃശ്യ ക്യു.ആര്‍.കോഡുകള്‍ പതിപ്പിക്കാന്‍ ഗവേഷകര്‍ക്കായി. കള്ളനോട്ടുകളും തട്ടിപ്പും കണ്ടുപിടിക്കാന്‍ മാത്രമല്ല, വാണിജ്യപരമായും ഒട്ടേറെ ഉപയോഗങ്ങള്‍ ഈ കണ്ടുപിടിത്തത്തിന് ഭാവിയില്‍ ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കാനാവശ്യമായ സി.എ.ഡി.പ്രക്രിയ മുതല്‍, അത് കടലാസില്‍ അച്ചടിക്കാനും സ്‌കാന്‍ ചെയ്യാനുമെല്ലാം കൂടി അരമണിക്കൂര്‍ സമയം മതിയെന്ന് ഗവേഷകര്‍ പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഇതുപയോഗിക്കുന്ന സമയമാകുമ്പോഴേക്കും 15 മിനിറ്റുകൊണ്ട് ഈ പ്രക്രിയ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ക്യു.ആര്‍.കോഡിന്റെ ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിക്കുകയെന്നതു തന്നെ വിഷമകരമാണ്. തങ്ങള്‍ സൃഷ്ടിക്കുന്ന ക്യു.ആര്‍.കോഡുകള്‍, വ്യാജപതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് പഠനറിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവ് ജീവന്‍ മിരുഗ പറയുന്നു.

( courtesy:mathrubhumi.com/tech)

No comments:

Post a Comment