Tuesday, February 11, 2014

വിവരാവകാശം: ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ ജാഗ്രത കാണിക്കണമെന്ന് നിര്‍ദേശം !!


പട്ടാമ്പി: സംസ്ഥാന പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഹരജിക്കാരന് മറുപടി നല്‍കുമ്പോള്‍ കൃത്യമായ വിവരം നല്‍കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് നിര്‍ദേശം. പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അപ്പീല്‍ അധികാരിയുമായ കെ. മുരളീധരനാണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ രാമനുണ്ണിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. വല്ലപ്പുഴ നടുത്തൊടി വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ ഷാഹുല്‍ ഹമീദ് നല്‍കിയ അപ്പീല്‍ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് നിര്‍ദേശം നല്‍കിയത്.

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ രാമനുണ്ണി വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടി തെറ്റാണെന്ന് കാണിച്ചുകൊണ്ട് നല്‍കിയ അപ്പീലിലാണ് ഡി.ഡി.പി തീര്‍പ്പുകല്‍പിച്ചത്. വല്ലപ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ചന്തസ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതുമായി ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയില്‍ 2013 സെപ്റ്റംബര്‍ 23ന് താലൂക്ക് സര്‍വേയര്‍ അളന്നിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട സ്കെച്ച്/റിപ്പോര്‍ട്ട് പഞ്ചായത്ത് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും കാണിച്ചിരുന്നു.
അതേസമയം, താലൂക്ക് ഓഫിസില്‍ നിന്ന് ലഭിച്ച മറുപടിയില്‍ ചന്ത സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് കാണിച്ചിരുന്നത്.
തെറ്റായ വിവരം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് ഷാഹുല്‍ ഹമീദ് ഡി.ഡി.പിക്ക് അപ്പീല്‍ നല്‍കുകയായിരുന്നു.
എന്നാല്‍, തെറ്റായ വിവരം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന വിവരാവകാശ കമീഷന് രണ്ടാം അപ്പീല്‍ നല്‍കുമെന്ന് ഷാഹുല്‍ ഹമീദ്  പറഞ്ഞു.

No comments:

Post a Comment