Saturday, July 18, 2015

അഗതി, അനാഥ കുട്ടികളുടെ വിവരങ്ങള്‍ ഇനി പൊലിസ് സ്റ്റേഷനില്‍ !!

കോഴിക്കോട്: സംസ്ഥാനത്തെ അഗതി, അനാഥരുടെ ഫോട്ടോയും വിവരങ്ങളും ഇനി പൊലിസ് സ്റ്റേഷനില്‍ നിര്‍ബന്ധം.
മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫിസുകള്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്. വിവരങ്ങള്‍ നല്‍കാനുള്ള ഫോം വില്ലേജ് ഓഫിസുകള്‍ വഴി വിതരണം ചെയ്തു കഴിഞ്ഞു. വിവരങ്ങളടങ്ങിയ ഫോമും ഫോട്ടോയും വില്ലേജ് ഓഫിസില്‍ തന്നെയാണ് തിരിച്ചേല്‍പിക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കാത്തവര്‍ക്ക് വില്ലേജ് ഓഫിസില്‍ നിന്നോ മനുഷ്യാവകാശ കമ്മിഷന്റെ www.kshrc.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്‌തോ വിവരങ്ങള്‍ നല്‍കണം.
ഫോം കൈമാറിയ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ പുതുക്കാനുള്ള അവസരവും ഉണ്ടാവും. നാലു മാസത്തിനകം സമ്പൂര്‍ണ വിവരം പൊലിസ് സ്റ്റേഷനുകള്‍ക്ക് ലഭിക്കും. ഇതുലഭിച്ചാല്‍ കുട്ടികളുടെ യാത്രാവിവരങ്ങള്‍ പൊലിസിനെ അറിയിച്ചാല്‍ അവരുടെ സംരക്ഷണം പൊലിസിന്റെ ചുമതലയാവും.
അന്യസംസ്ഥാനങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയ കുട്ടികളുടെ യാത്രാവിവരങ്ങള്‍ പൊലിസിനു കൈമാറിയാല്‍ അവരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കേണ്ട ചുമതലയും പൊലിസിനാവും. സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയോ ഇടക്കു പഠനം അവസാനിപ്പിച്ചോ ഒഴിഞ്ഞു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പൊലിസിനു കൈമാറിയാന്‍ പിന്നീട് ആ കുട്ടികളുടെ ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കണമെന്നില്ല. മതിയായ സുരക്ഷ ഒരുക്കിയുളള യാത്ര പൊലിസ് സംവിധാനിച്ചിട്ടില്ലെങ്കില്‍ സ്ഥാപന അധികൃതര്‍ക്കു മനുഷ്യാവകാശ കമ്മിഷനില്‍ പരാതിനല്‍കാവുന്നതാണ്.
എന്നാല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അഗതി, അനാഥരുടെ സാധാരണയുളള പോക്കുവരവുകളും യാത്രകളും പൊലിസിനെ അറിയിക്കേണ്ടതില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കാണ് കാര്യമായും ഈ സുരക്ഷിതത്വം ലഭിക്കുക.
(courtesy: suprabhataham.com)

No comments:

Post a Comment