വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ സൗകര്യാർഥം ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ കരാർരേഖ ലഭ്യമാക്കുന്ന സംവിധാനം യുഎഇയിൽ പ്രാബല്യത്തിൽവന്നു. ഇതുപ്രകാരം മലയാളികളായ തൊഴിലാളികൾക്ക് മലയാള ഭാഷയിൽ തയാറാക്കിയ തൊഴിൽ കരാർ ലഭിക്കും.
തൊഴിലുടമ നൽകുന്ന സുപ്രധാന രേഖയായ തൊഴിൽകരാറിനു പുറമേ, ജോലി വാഗ്ദാനം ചെയ്തുള്ള ഓഫർ ലെറ്റർ, ബന്ധപ്പെട്ട മറ്റുരേഖകൾ എന്നിവയും മലയാളത്തിൽ ലഭിക്കും.
ഇംഗ്ലിഷ്, അറബിക് എന്നിവയ്ക്കു പുറമേയാണ് പ്രാദേശികഭാഷയിലും രേഖ തയാറാക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, ബംഗാളി, ഉർദു ഭാഷകൾക്കും തൊഴിൽമന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യമായി ജോലി കിട്ടുന്നവർക്കും നിലവിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നു മറ്റൊന്നിലേക്കു മാറുന്നവർക്കും ഇത്തരത്തിൽ പ്രാദേശിക ഭാഷയിൽ കരാർരേഖ ലഭിക്കും.
രാജ്യത്തു ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്താണ് പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്താൻ തൊഴിൽ മന്ത്രി സഖർ ഗൊബാഷ് നിർദേശം നൽകിയത്. ജോലിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം തൊഴിലാളികൾക്കു വ്യക്തമായി മനസ്സിലാക്കാൻ ഇതു സഹായകരമാകും. തൊഴിലാളികളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ജോലിയുടെ സ്വഭാവം തുടങ്ങിയവ വ്യക്തതയോടെ മനസ്സിലാക്കാനും കഴിയും. ചൂഷണം ഒഴിവാകുമെന്നതാണ് മറ്റൊരു വലിയ നേട്ടം.
No comments:
Post a Comment