കേരളത്തില്‍ ഒരിക്കല്‍ കൂടി റാഗിങ് ചര്‍ച്ചയാവുകയാണ്. കഠിനപ്രയത്‌നത്തിന്റെ ആലയില്‍ തിളച്ചു മറിഞ്ഞ് കിനാക്കളുടെ വലിയ ആകാശത്തിലേക്ക് മെല്ലെ ചിറകടിച്ച് പറന്നുയര്‍ന്ന പൊന്നു മക്കള്‍ വഴിദൂരത്തിന്റെ ലക്ഷ്യത്തിന്റെ പാതിദൂരത്തില്‍ പോലുമെത്തും മുന്നേ കൊഴിഞ്ഞു വീഴുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന.
അവരുടെ ചിറകുകള്‍ തല്ലിക്കൊഴിക്കുന്നത് അവരോളം പോന്ന മക്കള്‍ തന്നെയാണല്ലോ എന്നതാണ് അതിനേക്കാള് സങ്കടകരം. അവര്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ഒരോമനപ്പേരും. റാഗിങ്.
1970 കളിലൊക്കെയാണ് കേരളത്തിലെ ക്യാംപസുകളില്‍ റാഗിങ് ശക്തമാവുന്നത്. ഈ കാലഘട്ടത്തില്‍ അത് ഒരു വലിയ ഭീഷണിയായി ഉയര്‍ന്നു വരുന്ന സ്ഥിതി വിശേഷം തന്നെയുണ്ടായി. സീനിയര്‍ എന്നത് വിശേഷാധികാരമായി കണക്കാക്കി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. പിന്നീട് ഇത് തുടര്‍ക്കഥയായതോടെ ഇത് തടയുന്നതിനായ നിരവധി നിയമ സമവിധാനങ്ങള്‍ അക്കാലങ്ങളില്‍ ആവിഷ്‌ക്കരിച്ചു. 1998 ലാണ് കേരള റാഗിങ് നിരോധന നിയമം സംസ്ഥാനത്ത് നിലവില്‍ വരുന്നത്.
കേരള മനഃസാക്ഷിയെ നടുക്കിയ നിരവധി റാഗിങ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശാരീരിക പീഡനങ്ങളില്‍ തുടങ്ങി ബലാത്സംഗങ്ങളും മാനസിക പീഡനങ്ങളും എന്തിന് കൊലപാതകങ്ങള്‍ വരെ എത്തി നില്‍ക്കുന്നു കേരളത്തിലെ റാഗിങ് അനുഭവങ്ങള്‍.
2005ല്‍ കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ ലബോറട്ടറിയില്‍ 17 കാരിയായ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു. ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനിയെ ആണ് റാഗിങ്ങിന്റെ മറവില്‍ ബലാത്സംഗം ചെയ്തത്. 2016ല്‍ വിഷം കലര്‍ത്തിയ മദ്യം നല്‍കിയ ഒരു റാഗിങ് സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥിയുടെ വൃക്കകളുടെ പ്രവര്‍ത്തനം വരെ തകരാറിലാക്കി ഈ ക്രൂരത. പത്ത് ദിവസത്തിനിടെ മൂന്ന് തവണ ഈ കുട്ടിയെ ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജിലായിരുന്നു ഈ ക്രൂരത. പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായ വിദ്യാര്‍ഥി. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷനെടുക്കുന്നത്. എന്നാല്‍ കോളജില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 2017 ലും 2018 ലും വിദ്യാര്‍ഥി ദേശീയ ചാമ്പ്യനായിരുന്ന അവന് പിന്നീടൊരിക്കലും ഭാരമുയര്‍ത്താനായില്ല. 2024 ലാണ് വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിങ്ങിന് വിധേയനായി ആത്മഹത്യ ചെയ്യുന്നത്. ഏറ്റവുമൊടുവിലായി പുറത്തു വന്നതാണിപ്പോ കോട്ടയം നഴ്‌സിങ് കോളജിലെ അതിക്രൂരമായ റാഗിങിന്റെ ഞെട്ടിക്കുന്ന കഥകള്‍.
മലബാർ ലൈവ് ന്യൂസ്.
കേരള റാഗിങ് നിരോധന നിയമം
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുക എന്നത് ലക്ഷ്യമിട്ട് നിയമസഭ കൊണ്ടുവന്ന താണ് റാഗിങ് നിരോധന നിയമം. 1998 ലാണ് പാസാക്കിയതെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയതിനാല്‍ 1997 ഒക്ടോബര്‍ 23 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ആകെ ഒമ്പത് വകുപ്പുകള്‍ മാത്രമുള്ള നിയമത്തില്‍ പക്ഷേ അതി ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിട്ടുണ്ട്.
എന്താണ് റാഗിങ്?
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്നതാണ് റാഗിങ്. അത് ശാരീരികമോ മാനസികമോ അധിക്ഷേപമോ തുടങ്ങി അയാള്‍ക്ക് നാണക്കേട് ഉണ്ടാകാവുന്ന വിധത്തില്‍ പെരുമാറുക, പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക എന്നതൊക്കെ ഉള്‍പെടുന്നതാണ്. അയാള്‍ സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ അയാളെക്കൊണ്ട് ചെയ്യിക്കുക, കളിയാക്കുക, വഴക്ക് പറയുക, വേദനിപ്പിക്കുക, മുറിവേല്‍പ്പിക്കുക തുടങ്ങി എല്ലാം റാഗിങ്ങിന്റെ പരിധിയില്‍ പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് മാനസികമായും ശാരീരികമായും വിഷമം ഉണ്ടാക്കുന്ന എന്തിനേയും റാഗിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ മാത്രമല്ല സ്ഥാപനത്തിന് പുറത്തു വച്ചോ താമസിക്കുന്ന ഹോസ്റ്റല്‍ പോലുള്ള സ്ഥലങ്ങളില്‍ വച്ചോ ഒക്കെ നടത്തുന്നതും റാഗിങ്ങിന്റെ പരിധിയില്‍ തന്നെയാണ് വരിക.
പരാതി നല്‍കേണ്ടതെങ്ങിനെ
വിദ്യാര്‍ഥി, മാതാപിതാക്കള്‍, രക്ഷിതാവ്, അധ്യാപകന്‍ ഇതില്‍ ആരെങ്കിലുമാണ് പരാതി നല്‍കേണ്ടത്. ഏത് സ്ഥാപനത്തില്‍ വച്ചാണോ റാഗിങ് സംഭവിച്ചത് ആ സ്ഥാപനത്തിന്റെ തലവന്‍ അഥവാ ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷനാണ് പരാതി നല്‍കേണ്ടത്. ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നത് പ്രിന്‍സിപ്പലോ, പ്രധാന അധ്യാപകനോ അല്ലെങ്കില്‍ ആ ഇന്‍സ്റ്റിറ്റിയൂഷന്റെ ചാര്‍ജുള്ള ഏതെങ്കിലും ഒരു വ്യക്തിയോ ആയിരിക്കും എന്നും ഈ നിയമത്തിന്റെ വകുപ്പ് 2(a) പറയുന്നു.
പരാതിയില്‍ നടപടി സ്വീകരിക്കേണ്ടതെങ്ങനെ
റാഗിങ്ങിനെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ അതില്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണെന്നും നിയമം നിഷ്‌ക്കര്‍ഷിക്കുന്നു. പരാതി ശരിയാണെന്ന് ബോധ്യമായാല്‍ ആരോപണവിധേയനായ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും വേണം. മാത്രമല്ല പരാതി പൊലിസിന് കൈമാറുകയും വേണമെന്നും ഈ നിയമത്തിന്റെ വകുപ്പ് 6 (1) ല്‍ പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായാല്‍ ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്ന് വകുപ്പ് 6
*ശിക്ഷാവിധികള്‍*
കുറ്റം തെളിയിക്കപ്പെട്ടാല്‍ റാഗിങ് നടത്തിയ വിദ്യാര്‍ഥിക്ക് രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ യും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടര്‍ന്ന് പഠിക്കുവാന്‍ സാധിക്കുകയുമില്ലെന്നും വകുപ്പ് 4, വകുപ്പ് 5 എന്നിവ വ്യക്തമാക്കുന്നു.
പരാതിയില്‍ നടപടി എടുക്കാത്ത ഉത്തരവാദപ്പെട്ടവര്‍ക്കും നല്ല പണി കൊടുക്കുന്നുണ്ട് നിയമം. രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വരെ കിട്ടാവുന്ന കുറ്റകൃത്യമാണ് ഈ അവഗണന.
റാഗിങ്ങിനെതിരെയുള്ള കേരളത്തിലെ നിയമം വളരെ ശക്തമാണ്. എന്നാല്‍ ഏതൊരു നിയമവും നടപ്പാവുന്നത് അത് നടപ്പാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത കാണിക്കുമ്പോഴാണ്. നിയമ നിര്‍മാണം മാത്രം കൊണ്ട് കാര്യമില്ല എന്നതാണ് വാസ്തവം. അത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം കൂടി സര്‍ക്കാറിനുണ്ട്. അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ തുടര്‍ന്നു.
No comments:
Post a Comment