തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫിസുകളാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ വേഗവും കാര്യക്ഷമവുമായ സേവനങ്ങള്‍ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായി. 342 ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളോട് അതൃപ്തി ഉണ്ടാവും. അത് സര്‍ക്കാരിനെതിരെയും അതൃപ്തി ഉണ്ടാക്കും. അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നില നേരത്തെ ഉണ്ടായിരുന്നു. അത് നല്ല തോതില്‍ അവസാനിപ്പിക്കാനായിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇത്തരം ദുഷ്പ്രവണത കണ്ടാല്‍ വെച്ചുപൊറുപ്പിക്കില്ല. കര്‍ശനമായ നടപടികളുണ്ടാവും. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment