എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ നേരിട്ട് തിരുത്താൻ കഴിയില്ല. സ്കൂൾ മുഖാന്തരം അപേക്ഷ നൽകണം.
തുടർന്ന് പരീക്ഷാ ഭവനിലാണ് തിരുത്തൽ വരുത്തുന്നത്. ശിവശക്തി ഡിജിറ്റൽ സേവ വഴി മേയ് 13 വരെയാണ് വിവരങ്ങൾ കാണാൻ കഴിയുന്നത്. പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ നേരത്തേ മൂന്ന് പ്രാവശ്യം അവസരം നൽകിയിരുന്നു.
വിവരങ്ങളിൽ പിശകുണ്ടെങ്കിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് രേഖാമൂലം അപേക്ഷ നൽകണം.
സ്കൂളിലെ അഡ്മിഷൻ രജിസ്റ്ററുമായി ഒത്തുനോക്കി പ്രത്യേക ഫോറത്തിൽ രേഖപ്പെടുത്തിയാണ് അപേക്ഷ പരീക്ഷാഭവന് കൈമാറേണ്ടത്. കുട്ടിയുടെ എസ്.എൽ.സി. രജിസ്റ്റർ നമ്പർ, തിരുത്തേണ്ട ഇനം, തെറ്റായി നൽകിയിട്ടുള്ള വിവരം, തിരുത്തൽ എങ്ങനെ വേണം തുടങ്ങിയവ ഫോറത്തിൽ പൂരിപ്പിക്കണം. മേയ് 14-ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷകൾ പരീക്ഷാഭവനിൽ എത്തിക്കാനാണ് ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയത്.
സർട്ടിഫിക്കറ്റ് അച്ചടി 20-ന് ശേഷം; വിതരണം ജൂൺ ആദ്യം
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ അച്ചടി പുനർമൂല്യനിർണയത്തിന്റെ ഫലപ്രഖ്യാപത്തിന് പിന്നാലെ മേയ് 20-ന് ശേഷം ആരംഭിക്കും. ജൂൺ ആദ്യം സ്കൂളുകളിൽനിന്ന് വിതരണം തുടങ്ങും.
No comments:
Post a Comment