Showing posts with label Train news. Show all posts
Showing posts with label Train news. Show all posts

Wednesday, July 15, 2026

വാട്സ്ആപ്പ് ടിക്കറ്റുമായി ട്രെയിൻ യാത്ര വേണ്ട; ഡിജിറ്റൽ ടിക്കറ്റ് പരിശോധന കർശനമാക്കി റെയിൽവെ, ലംഘിച്ചാൽ പിഴ?

ഡൽഹി: ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്ത ടിക്കറ്റോ സ്ക്രീൻ ഷോട്ടുകളോ കരുതുന്നവരാണ് ഭൂരിഭാഗം പേരും. ടിടിഇ വരുമ്പോൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഈ ടിക്കറ്റായിരിക്കും കാണിക്കുക. എന്നാൽ ഇനി മുതൽ വാട്സ്ആപ്പ് ചിത്രങ്ങളായോ സ്ക്രീൻഷോട്ടുകളായി പങ്കിടുന്ന ട്രെയിൻ ടിക്കറ്റുകൾ ടിക്കറ്റ് പരിശോധനക്കിടെ യാത്രയുടെ സാധുവായ തെളിവായി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽതന്നെ കാണിക്കണമെന്ന് റെയിൽവേ അറിയിച്ചു.

യാത്രക്കാർ യഥാർഥ ഡിജിറ്റൽ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം ടിക്കറ്റ് സ്ക്രീൻഷോട്ടുകൾ കുടുംബാംഗങ്ങളുമായി പങ്കിടുകയോ വാട്‌സ് ആപ്പിൽ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

"RailOne ആപ്പ് വഴി ബുക്ക് ചെയ്ത ജനറൽ (അൺറിസർവ്‌ഡ്) ടിക്കറ്റുകൾ, ഏത് രജിസ്റ്റർ ചെയ്‌ത മൊബൈൽ ഫോണിൽ നിന്നാണോ ടിക്കറ്റ് എടുത്തത്, ആ ഫോണിൽ മാത്രം കാണിച്ചാൽ മാത്രമേ സാധുവായി കണക്കാക്കുകയുള്ളൂ. യാത്രയിലുടനീളം പ്രസ്‌തുത മൊബൈൽ ഫോണിനൊപ്പം ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡും കൈവശം കരുതേണ്ടത് നിർബന്ധമാണ്. വാട്സാപ്പ്, സ്ക്രീൻഷോട്ട് അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന ടിക്കറ്റുകൾ നിയമപരമായ യാത്രാരേഖയായി പരിഗണിക്കുന്നതല്ല" സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയും എക്സ് ചുമത്തിയിരുന്നു. 

*എന്താണ് റെയിൽവേ പറയുന്നത്*

ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പ് പ്രകാരം, ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥർ (ടിടിഇ) ട്രെയിൻ ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ അല്ലെങ്കിൽ വാട്ട്സ്ആപ് പങ്കിട്ട ചിത്രങ്ങൾ എന്നിവ വെരിഫിക്കേഷൻ സമയത്ത് സ്വീകരിക്കില്ല. യാത്രക്കാർ അംഗീകൃത റെയിൽവേ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ജനറേറ്റ് ചെയ്യുന്ന ഒറിജിനൽ ഇലക്ട്രോണിക് ടിക്കറ്റോ റെയിൽവേ കൗണ്ടറുകളിൽ നിന്ന് വാങ്ങിയ സാധുവായ പ്രിൻ്റ് ചെയ്ത ടിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്. വാട്ട്സ്ആപ്പിൽ ടിക്കറ്റിന്റെ ചിത്രം കാണിക്കുന്നത് സാധുവായ യാത്രാ രേഖയായി കണക്കാക്കില്ല. 

*സ്ക്രീൻഷോട്ടുകൾ ഒഴിവാക്കാനുള്ള കാരണങ്ങൾ*

എഡിറ്റ് ചെയ്യാനും കൃത്രിമം കാണിക്കാനും എളുപ്പമാണ്: മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇത്തരം സ്ക്രീൻഷോട്ടുകളിൽ തീയതി, ട്രെയിൻ നമ്പർ, പേര് എന്നിവയിൽ എളുപ്പത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കും. ഒന്നിലധികം ആളുകൾക്ക് പങ്കിടാം: ഒരേ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഒരേസമയം ഒന്നിലധികം യാത്രക്കാർക്ക് വാട്‌സാപ്പ് വഴിയോ മറ്റോ അയച്ചു നൽകി ഒരേ സീറ്റിൽ പലർക്ക് യാത്ര ചെയ്യാൻ ഇത് വഴി സാധ്യമാകും.

തത്സമയം പരിശോധിക്കാൻ പ്രയാസം:- സ്ക്രീൻഷോട്ടുകളിലെ വിവരങ്ങൾ യഥാർഥമാണോ എന്ന് പെട്ടെന്ന് പരിശോധിക്കുന്നതിന് ടിടിഇമാർക്ക് ബുദ്ധിമുട്ടാണ്.

വ്യാജ യാത്രകൾ തടയാൻ:- ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് യാത്രക്കാർ നടത്തുന്ന തട്ടിപ്പുകൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ഇതുവഴി ടിക്കറ്റ് തട്ടിപ്പുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും വേണ്ടിയാണ് ടിക്കറ്റ് പരിശോധകർ ഒറിജിനൽ ബുക്കിംഗ് രേഖകൾ നേരിട്ട് പരിശോധിക്കണമെന്ന് റെയിൽവേ നിർബന്ധമാക്കുന്നത്. 

Tuesday, July 7, 2026

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ, പുതിയ നിയമം പ്രാബല്യത്തിൽ*

(20-06-2026)

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയിൽവേ ഇരട്ടിയായി വർധിപ്പിച്ചു. 2026 ജൂൺ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

2026ലെ ജനവിശ്വാസ് ആക്‌ട് വ്യവസ്ഥകൾ പ്രകാരം, 1989ലെ റെയിൽവേ ആക്‌ടിലെ 137, 138 വകുപ്പുകൾക്ക് കീഴിലുള്ള കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായി ഉയരും. യാത്രക്കാർ റെയിൽവേ നിയമങ്ങൾ പാലിച്ച് കൃത്യമായ ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 19നാണ് റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ, പഴയ ടിക്കറ്റുകൾ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്ത‌ാൽ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ ടിക്കറ്റ് നിരക്കിനൊപ്പം 500 രൂപയിൽ കുറയാത്ത അധിക പിഴയും ഈടാക്കും. ട്രെയിൻ യാത്ര തുടങ്ങിയ സ്റ്റേഷൻ ഏതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ, സർവീസ് ആരംഭിച്ച സ്റ്റേഷൻ മുതലുള്ള നിരക്ക് ഈടാക്കാനും റെയിൽവേക്ക് നിയമപരമായ അധികാരമുണ്ട്. ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുന്ന പിഴയോ യാത്രാക്കൂലിയോ നൽകാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും. റെയിൽവേ അധികൃതർക്ക് ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തുക ഈടാക്കുന്നതിനൊപ്പം 6 മാസം വരെ തടവോ, 500 രൂപ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

അനധികൃത യാത്രകൾ തടഞ്ഞ് ട്രെയിൻ സർവീസുകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോണിൽ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം പേരിൽ നിന്നായി 40.85 കോടി രൂപയാണ് റെയിൽവേ പിഴയായി ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കാൻ റെയിൽവേ തീരുമാനിച്ചത്.

Tuesday, March 23, 2021

തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾ ഇല്ലാതാവും; പകരം നിരക്കു കുറഞ്ഞ എ.സി. ക്ലാസ് ?

അടുത്ത മൂന്നു മാസത്തിനുള്ളിൽ മെയിൽ, എക്സ്പ്രസ് തീവണ്ടികളിൽനിന്ന് സ്ലീപ്പർ ക്ലാസുകൾ അരങ്ങൊഴിഞ്ഞു തുടങ്ങും. പകരം നിരക്ക് കുറഞ്ഞ തേഡ് എ.സി. ക്ലാസ് വരും. ചൂടുകൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ സുഖയാത്ര നൽകുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ പദ്ധതി നടപ്പാക്കുന്നത്.

മാസങ്ങൾക്കു മുമ്പുതന്നെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ.സി. ഇക്കണോമി ക്ലാസ് കോച്ച് റെയിൽവേ പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂർത്തിയാക്കി. അടുത്ത മാസങ്ങളിൽ ഇവയുടെ നിർമാണം വർധിപ്പിച്ച് വിവിധ റെയിൽവേ ഡിവിഷനുകൾക്ക് കൈമാറി തുടങ്ങും.

ഏപ്രിൽ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകൾ മധ്യ റെയിൽവേക്ക് ലഭിക്കും. മേയ് ആദ്യ വാരത്തിൽ തന്നെ ഇവ തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഏറെ പ്രത്യേകതകളുമായാണ് പുതിയ എ.സി. കോച്ചുകളെത്തുന്നത്. വൈദ്യുതി പാനലുകൾക്ക് കുറച്ച് സ്ഥലമേ ആവശ്യമുള്ളൂവെന്നതിനാൽ 83 പേർക്ക് ഒരു കോച്ചിൽ യാത്രചെയ്യാൻ കഴിയും. നിലവിൽ സ്ലീപ്പർ ക്ലാസിൽ 72 പേരാണ് യാത്ര ചെയ്യുന്നത്. ഒരു വാതിലിലൂടെ വീൽ ചെയർ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും.

ഓരോ ബർത്തിലും തണുപ്പ് ലഭിക്കാൻ പ്രത്യേക എ.സി. സംവിധാനം, മികച്ച സീറ്റുകളും ബർത്തുകളും ലഘുഭക്ഷണം കഴിക്കാൻ ഇരുവശത്തും മടക്കിവെക്കാവുന്ന ചെറിയ മേശ, മൊബൈൽ ഫോണും വെള്ള കുപ്പികളും പുസ്തകങ്ങളും വെക്കാൻ പ്രത്യേക സംവിധാനം, രാത്രിയിൽ പുസ്തകം വായിക്കാൻ ഓരോ ബർത്തിലും പ്രത്യേകം ലൈറ്റുകളും ചാർജിങ് പോയന്റുകൾ എന്നിവയുമുണ്ടാകും. നടുവിലും മുകളിലുമുള്ള ബർത്തുകളിലേക്ക് പ്രയാസമില്ലാതെ കയറാനുള്ള സംവിധാനവും കൂടുതൽ സ്ഥലസൗകര്യവുമുണ്ട്.

രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ.സി. കോച്ചുകൾ ഘടിപ്പിക്കുക. പുതിയത് എൽ.എച്ച്.ബി. കോച്ചുകളായതിനാൽ തത്കാലം ഈ കോച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പർ ക്ലാസുകളായിരിക്കും മാറ്റുക.

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance