അപേക്ഷകർക്ക് പാൻ കാർഡ് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പുതിയ പദ്ധതിയുമായി രംഗത്ത്. പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ തന്നെ അപേക്ഷകർക്ക് ഇ - പാൻ കാർഡ് നൽകുന്ന രീതിയാകും ഇനി ആദായ നികുതി വകുപ്പ് നടപ്പിലാക്കുക. ഇ-പാൻ തത്സമയം അല്ലെങ്കിൽ പരമാവധി 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന പാൻ / ടാൻ പ്രോസസ്സിംഗ് സെന്റർ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്സഭയിൽ അറിയിച്ചു.
അനുരാഗ് താക്കൂറിന്റെ പ്രഖ്യാപനം
10 മിനിറ്റിനുള്ളിൽ ആധാർ അധിഷ്ഠിത കെവൈസി വഴി ഇ-പാൻ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ റിയൽ ടൈം പാൻ / ടാൻ പ്രോസസിംഗ് സെന്റർ പദ്ധതി ഭാവിയിലേക്ക് ആലോചിക്കുന്നുണ്ടെന്നാണ് താക്കൂർ ലോക്സഭയിൽ അറിയിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് 2018 ഡിസംബറിൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ക്യുആർ കോഡ് ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിൽ പിഡിഎഫ് ഫോർമാറ്റിൽ ഇ-പാൻ കാർഡുകൾ ലഭ്യമാക്കും.
ഇ-മെയിലിൽ ലഭിക്കും
ഇലക്ട്രോണിക് പാൻ കാർഡ് (ഇ-പാൻ) ഇ-കെവൈസി ഉപയോഗിച്ച് ആദായനികുതി വകുപ്പ് ഇലക്ട്രോണിക് ഫോർമാറ്റിലാണ് നൽകുക. അപേക്ഷകരുടെ ഇമെയിൽ വഴി അയയ്ക്കുന്ന ഇ-പാൻ ഡിജിറ്റലായി ഒപ്പിട്ട രേഖയാണ്. മറ്റ് ഏജൻസികളിലും ഇലക്ട്രോണിക് രീതിയിൽ ഐഡന്റിറ്റിയുടെ തെളിവായി ഇ-പാൻ കാർഡ് സമർപ്പിക്കാവുന്നതാണ്.
സാധുവായ ആധാർ കാർഡ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഇ-പാൻ സേവനം ലഭിക്കുക.
കാലാവധി കുറയ്ക്കും
അലോട്ട്മെന്റ് പ്രക്രിയകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉചിതമായ നവീകരണം കൊണ്ടുവരാൻ ഐ-ടി വകുപ്പ് ശ്രമിക്കുന്നതിനാൽ സാധാരണ പാൻ കാർഡുകൾ അനുവദിക്കുന്നതിനുള്ള സമയവും ഉടൻ തന്നെ കുറയാൻ സാധ്യതയുണ്ട്. പാൻ അനുവദിക്കുന്നതിനുള്ള സമയം ഇനിയും കുറയ്ക്കുന്നതിന് ആദായനികുതി വകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി റൂട്ടിലൂടെ അപേക്ഷിക്കുന്നവർക്കാണ് കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കുക.
പാൻ കാർഡിന് പകരം ആധാർ
നികുതിദായകരുടെ സൗകര്യത്തിന് അനുസരിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതായത് പാൻ കാർഡ് ഇല്ലാത്തവർക്കും ആധാർ നമ്പർ കാർഡ് കാണിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ മാത്രമല്ല, പാൻ കാർഡ് ആവശ്യപ്പെടുന്ന എല്ലായിടങ്ങളിലും ഇനി ആധാർ കാർഡ് വിവരങ്ങൾ നൽകിയാൽ മതി.
പാൻ കാർഡിന് അനുവദിക്കുന്നത് എങ്ങനെ?
പുതിയ നിയമം അനുസരിച്ച്, ആദായ നികുതി വകുപ്പ് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ പാൻ കാർഡ് നൽകുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യിൽ നിന്ന് ഡെമോഗ്രാഫിക് ഡാറ്റ നേടിയ ശേഷം ആധാറിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പാൻ അനുവദിക്കും. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർക്ക് മാത്രമേ ആധാറിന് പകരം പാൻ കാർഡും പാൻ കാർഡിന് പകരം ആധാറും ഉപയോഗിക്കാൻ സാധിക്കൂ..
No comments:
Post a Comment