നിങ്ങൾക്ക് ചില നിർണ്ണായക സാഹചര്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാൻ കഴിയും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള റിട്ടയർമെന്റ് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് (ഇപിഎഫ്ഒ) ഇതിനുള്ള അനുവാദം നൽകുന്നത്. വീട് വാങ്ങൽ/നിർമ്മാണം, ഭൂമി വാങ്ങൽ, വായ്‌പ തിരിച്ചടവ്, രണ്ട് മാസത്തേക്ക് വേതനം ലഭിക്കാത്തത്, മകൾ/മകൻ/സഹോദരൻ എന്നിവരുടെ വിവാഹം, കുടുംബാംഗങ്ങളുടെ വൈദ്യചികിത്സ എന്നിവയ്‌ക്കായി ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്. ഇപിഎഫ് പിൻവലിക്കാനുള്ള ക്ലെയിമുകൾ നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ഫയൽ ചെയ്യാൻ കഴിയും. ഓഫ്‌ലൈനായാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾ കോമ്പോസിറ്റ് ക്ലെയിം ഫോം (സിസിഎഫ്) പൂരിപ്പിച്ച ശേഷം അത് നോഡൽ ഇപിഎഫ്ഒ ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്. ഇനി ഓൺലൈനായി ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇപിഎഫ്‌ഒയുടെ unifiedportal-mem.epfindia.gov.in. എന്ന പോർട്ടൽ വഴി ഇത് ചെയ്യാൻ കഴിയും. എന്നാൽ ഓൺലൈൻ വഴി ഇപിഎഫ് പിൻവലിക്കൽ ക്ലെയിം ഫയൽ ചെയ്യുന്നതിന്, ഇപിഎഫ്ഒ അംഗത്തിന്റെ യുഎഎൻ ആക്‌റ്റിവേറ്റ് ചെയ്യുകയും കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ആധാർ വഴി പരിശോധിച്ചുറപ്പിക്കുകയും വേണം. കൂടാതെ പാൻ നമ്പർ, ബാങ്ക് വിശദാംശങ്ങൾ, വിലാസം എന്നിവ അംഗത്തിന്റെ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്‌തിരിക്കണം. ഒപ്പം നിങ്ങളുടെ ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഇപിഎഫിനായി ഓൺലൈൻ പിൻവലിക്കൽ ക്ലെയിം എങ്ങനെ ഫയൽ ചെയ്യാമെന്ന് നോക്കാം; 1) നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഇപിഎഫ്‌ഒയുടെ - unifiedportal-mem.epfindia.gov.in - എന്ന പോർട്ടലിലേക്ക് പ്രവേശിക്കുക. 2) ഹോംപേജിൽ, 'ഓൺലൈൻ സർവീസസ്' എന്ന മെനുവിൽ നിന്ന് 'ക്ലെയിം' തിരഞ്ഞെടുക്കുക. 3) ക്ലെയിം ഫോമിൽ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ നൽകിയ ശേഷം, 'പ്രൊസീഡ് ഫോർ ഓൺലൈൻ ക്ലെയിം' എന്നത് ക്ലിക്കുചെയ്യുക.4) അപ്പോൾ ലഭിക്കുന്ന പുതിയ ടാബിൽ, വിലാസം, പർപ്പസ്, മുൻകൂർ തുക എന്നിവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക. ചെക്കിന്റെയോ പാസ്‌ബുക്കിന്റെയോ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യണം.5) മുകളിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ നൽകിയ ശേഷം, നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ആ ഒടിപി നൽകി ശേഷം ഓൺലൈൻ ക്ലെയിം ഫോം സബ്‌മിറ്റ് ചെയ്യുക. നിങ്ങളുടെ ക്ലെയിം സബ്‌മിറ്റ് ചെയ്‌ത ശേഷം, അത് അംഗീകാരത്തിനായി തൊഴിലുടമയ്ക്ക് കൈമാറും. 'ഓൺലൈൻ സർവീസസ്' എന്നതിന് ചുവടെയുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ക്ലെയിമിന്റെ നില പരിശോധിക്കാൻ കഴിയും.
Courtesy: malayalamgoodreturns.in
No comments:
Post a Comment