Sunday, September 28, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം 

തിരുവനന്തപുരം: ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത‌്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്‌ട ഫാറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിൻ്റെ കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 സെപ്ത‌ംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance