ഡിജിറ്റല്‍ യുഗത്തിന്റെ അനന്തമായ സാധ്യതകളില്‍ വളര്‍ന്ന ഒന്നാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി. സാങ്കേതികവിദ്യയും ചിത്രങ്ങളും ഡിജിറ്റലായതോടെ പഴയ ആല്‍ബങ്ങളുടെ കഥ അവസാനിച്ചു എന്നു തന്നെ പറയാം. ചിത്രങ്ങള്‍ സിഡിയിലും, പെന്‍ഡ്രൈവുകളിലും കയറി പങ്കുവയ്ക്കല്‍ തുടങ്ങി. ഇപ്പോള്‍ ഇതാ ഫേസ്ബുക്ക്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍ തുടങ്ങിയവ വഴി എത്ര ചിത്രങ്ങള്‍ വേണമെങ്കിലും സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ പങ്കുവയ്ക്കാന്‍ സാധ്യമാണ്. അതോടെ ഫോട്ടോകളുടെ ലോകത്തെ കള്ളത്തരങ്ങളും ആരംഭിച്ചു. നിങ്ങളുടെ ചിത്രങ്ങള്‍ ആരൊക്കെ കോപ്പി ചെയ്യുന്നു, ആരൊക്കെ ഉപയോഗിയ്ക്കുന്നു എന്ന് ഊഹിയ്ക്കാന്‍ പോലും ഇന്നാവില്ല. കാരണം കടലുപോലെ കിടക്കുന്ന വെബ്‌സൈറ്റുകളില്‍ എങ്ങനെ തിരയാന്‍. എന്നിരുന്നാലും ചില വഴികളുണ്ട് നിങ്ങളുടെ ഫോട്ടോകള്‍ മോഷ്ടിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാനും, ആര് മോഷ്ടിച്ചു എന്നറിയാനും.
- Tineye.com ല്‍ ഒരു റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്യാവുന്നതാണ്. സെര്‍ച്ച് ചെയ്യേണ്ട ഫോട്ടോയോ, ഫോട്ടോയുടെ ലിങ്കോ നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുക. സാമ്യമുള്ളവ വന്നാല്‍ സ്വിച്ചില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ നിങ്ങളുടെ ഫോട്ടോയും സാമ്യമുള്ള ഫോട്ടോയും തമ്മില്‍ ഒത്തുനോക്കാനാകും.സെര്‍ച്ച് റിസല്‍ട്ടുകള്‍ക്കൊപ്പം അവയുടെ യുആര്‍എല്‍ ഉണ്ടായിരിയ്ക്കും.
- ഗൂഗിളിന്റെ സെര്‍ച്ച് ബൈ ഇമേജ് ഓപ്ഷന്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം. ഗൂഗിള്‍ സെര്‍ച്ച് ബാറിന് സമീപമുള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഓപ്ഷന്‍ ലഭ്യമാകും.അതിന് ശേഷം നിങ്ങള്‍ക്ക് തിരയേണ്ട ചിത്രമോ അതിന്റെ യു ആര്‍ എല്ലോ നല്‍കി സെര്‍ച്ച് ചെയ്യുക. റിസല്‍ട്ടുകള്‍ ഒരേ പോലെയുളളത്, സാമ്യമുള്ളത് എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാകും. എല്ലാത്തിലും അവ ഉള്‍പ്പെടുന്ന സൈറ്റിന്റെ ലിങ്കും ഉണ്ടാകും.
- ഇമേജ്‌റൈറ്റ്‌സ് പോലെയുള്ള ഒരു റിക്കവറി സര്‍വീസിന്റെ സഹായം തേടുക. ചിത്രങ്ങളുടെ അനധികൃത ഉപയോഗവും, പകര്‍പ്പവകാശലംഘനവും കണ്ടെത്തുകയും, കുറ്റക്കാരായ സൈറ്റുകളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ആണ് ഇതിന്റെ ധര്‍മ്മം. പക്ഷെ നമുക്കാവശ്യമായ സേവനമനുസരിച്ച് ചാര്‍ജ് നല്‍കണം.
- നിങ്ങളുടെ ഇമേജ്/വെബ് ഹോസ്റ്റിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് പേജില്‍ നോക്കുക. ഒരു ചിത്രത്തിന് ധാരാളം റെഫറലുകള്‍ ഒരേ വെബ്‌സൈറ്റില്‍ നിന്ന് വരുന്നുണ്ടോ എന്ന് നോക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ സൈറ്റിലെ ചിത്രം അവര്‍ അവരുടെ സൈറ്റില്‍ ഉപയോഗിയ്ക്കുന്നുണ്ടാവും. ഒരുമാതിരി എല്ലാ വെബ്‌ഹോസ്റ്റുകളും, ബ്ലോഗുകളും, ഫ്‌ലിക്കര്‍ പോലെയുള്ള സൈറ്റുകളും സന്ദര്‍ശകരുടെ സ്റ്റാറ്റിസ്റ്റിക്‌സ് കൃത്യമായി നല്‍കാറുണ്ട്.
No comments:
Post a Comment