വില്ലേജ് ഓഫീസുകളിൽ സ്വൈപ്പിങ് യന്ത്രം വരുന്നു. ഇതോടെ നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും എ.ടി.എം. കാർഡുപയോഗിച്ച് അടയ്ക്കാം. വില്ലേജ് ഓഫീസുകൾ കറൻസിരഹിതമാകുമെന്നതും ബാങ്കിലും ട്രഷറിയിലും പണമടയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടം അവസാനിക്കുമെന്നതുമാണ് മെച്ചം.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ നികുതി, റവന്യു റിക്കവറി, ഒറ്റത്തവണ കെട്ടിടനികുതി തുടങ്ങി സർക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകൾ കാലങ്ങളായി പണമായാണ് സ്വീകരിച്ചിരുന്നത്. 5000 രൂപയിൽ കൂടുതൽ വില്ലേജ് ഓഫീസർ കൈവശംവെക്കരുതെന്ന് ചട്ടമുണ്ടെങ്കിലും പലപ്പോഴും അരലക്ഷം വരെയൊക്കെ ഇവർ കൊണ്ടുനടക്കേണ്ടി വന്നിരുന്നു.
ഇത്തരത്തിൽ ശേഖരിക്കുന്ന പണം ബാങ്കുകളിലും ട്രഷറിയിലുമൊക്കെ അടയ്ക്കുന്നതുവരെ ഓഫീസർമാർക്ക് ഉറക്കമുണ്ടാകില്ല. പണം ഓഫീസിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഓഫീസർമാർ വീട്ടിൽ കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. കൈയിൽനിന്ന് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാനുമാകില്ല.
പണം ആഴ്ചയിലൊരിക്കലോ മറ്റോ പല ബാങ്ക് അക്കൗണ്ടുകളിലും ട്രഷറിയിലുമൊക്കെ അടയ്ക്കാൻ വില്ലേജ് ഓഫീസർമാർ പോകുമ്പോൾ വില്ലേജ് ഓഫീസിലെ ജോലികൾ തടസ്സപ്പെടുന്നതും പതിവായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്നതാണ് പുതിയ നടപടി.
ഓൺലൈനായ എല്ലാ വില്ലേജ് ഓഫീസുകളിലും സ്വൈപ്പിങ് യന്ത്രം സ്ഥാപിച്ച് നികുതിദായകന്റെ എ.ടി.എം. കാർഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് സർക്കാർ അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനമാണ് നടപ്പിൽവരുന്നത്.
സംസ്ഥാന ഐ.ടി. മിഷനും ഫെഡറൽ ബാങ്കും ചേർന്നാണ് ഇതു നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ യന്ത്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇവിടെയുള്ള 132 വില്ലേജ് ഓഫീസുകളിലേക്കുള്ള യന്ത്രങ്ങൾ കളക്ടറേറ്റിൽ എത്തി.
ഓൺലൈനായ 125 വില്ലേജുകളിൽ ഈ മാസാവസാനത്തോടെ യന്ത്രം സ്ഥാപിക്കും. അടുത്തമാസം മുതൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
No comments:
Post a Comment