പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്നതിനായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് ഇനി മുതൽ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ എടുക്കാൻ കഴിയുന്ന യോഗ്യതയുള്ള സ്ഥാപനങ്ങളുടെ എണ്ണം ചുരുക്കിയതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. മാനവ വിഭവ ശേഷി വകുപ്പാണ് നിലവിലെ വായ്പാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. എന്തൊക്കെയാണ് പുതിയ പരിഷ്കാരങ്ങൾ എന്ന് നോക്കാം.
കോളേജിന്റെ അംഗീകാരം
എൻഎഎസി അംഗീകൃത കോളേജുകളിലും സർവകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളൂ. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരമുള്ള കോഴ്സുകൾക്കും വായ്പയ്ക്ക് യോഗ്യതയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകൾക്കായി നഴ്‌സിംഗ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും, മെഡിക്കൽ കോഴ്‌സുകൾക്കായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള കോളേജുകളിൽ പഠിക്കുന്നവർക്ക് മാത്രമേ വായ്പ ലഭിക്കൂ.
ജോലി സാധ്യത
ജോലി സാധ്യയുള്ള വിദ്യാർത്ഥികൾക്ക് വായ്പ നൽകാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. അതായത് എൻഎഎസി, എൻബിഎ അംഗീകൃത സ്ഥാപനങ്ങളിലെ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്മെന്റുകൾ വഴി ജോലി ലഭിക്കാൻ കൂടുതൽ അവസരമുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിഷ്കരണങ്ങൾ.
പലിശയ്ക്ക് സബ്സിഡി
മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കൾ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വിദ്യാർത്ഥികൾക്ക് പലിശയ്ക്ക് സബ്‌സിഡിയും ലഭിക്കുന്നതാണ്. പരമാവധി 7.5 ലക്ഷം രൂപയ്ക്ക് ഈടും മൂന്നാം കക്ഷി ഗ്യാരണ്ടിയുമില്ലാതെയാണ് വായ്പ നൽകുന്നത്.
വിദ്യാലക്ഷ്മി പോർട്ടൽ
വിദ്യാഭ്യാസ വായ്പകൾക്കുള്ള എല്ലാ അപേക്ഷകളും ഇപ്പോൾ വിദ്യ ലക്ഷ്മി പോർട്ടൽ വഴി ബാങ്കുകളിലേക്ക് അയയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, പോർട്ടലിലൂടെ ലഭിച്ച 1.44 ലക്ഷത്തിലധികം അപേക്ഷകളിൽ 42,700 എണ്ണം മാത്രമേ ബാങ്കുകൾ അംഗീകരിച്ചിട്ടുള്ളൂ. വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം.
വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ?
വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും. 101ഓളം വായ്പാ പദ്ധതികളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും അവസരമുണ്ട്.
No comments:
Post a Comment