Sunday, September 5, 2021

ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരാണോ; ശ്രദ്ധിക്കുക കാത്തിരിക്കുന്നത് വലിയ ചതി കുഴികൾ.

 ഓൺലൈൻ ലോകത്ത് സജീവമാകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. എന്നാൽ ഇതിൽ ചില ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ടാകും. 

അതിൽ നിന്ന് രക്ഷ നേടാൻ നാം ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ നമ്മൾ സന്ദർശിക്കുന്ന ഇ-കൊമേഴ്‌സ് വെബ്സൈറ്റ് യഥാർഥമാണോ, സുരക്ഷിതമാണോ എന്ന് ആദ്യം ഉറപ്പ് വരുത്തണം.

ഷോപ്പിങ്ങിനായി ബ്രൗസുചെയ്യുന്ന വെബ്‌സൈറ്റ് വളരെ വിലകുറഞ്ഞ ഡീലുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ ആ വെബ്‌സൈറ്റിന്റെ ആധികാരികതയും നിയമസാധുതയും അന്വേഷിക്കുന്നത് നല്ലതായിരിക്കും.

യുആർഎൽ / ഡൊമെയിൻ നെയിം ശ്രദ്ധിക്കുക. അസാധാരണമായ പേര് മിക്കവാറും വ്യാജനായിരിക്കും. പേര് അസാധാരണമാണെങ്കിലും ചില വ്യാജ വെബ്‌സൈറ്റുകൾ കാഴ്ചയിൽ യഥാർഥ വെബ്‌സൈറ്റുകളെ പോലെ കാണപ്പെടും. 

ക്രമരഹിതമായ അക്ഷരങ്ങൾഅല്ലെങ്കിൽ / അക്കങ്ങളുള്ള ഒരു വെബ്സൈറ്റ് അഡ്രസ് കാണുകയാണെങ്കിൽ പരിശോധിച്ചു മുന്നോട്ട് പോകുക. 

സൈബർ കുറ്റവാളികൾ വെബ്‌സൈറ്റുകൾ തനിപ്പകർപ്പാക്കുകയും ഡൊമെയിൻ പേര് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഒറിജിനൽ സ്ഥാപനത്തിന്റേതെന്ന് തോന്നുന്ന തരത്തിൽ സമാന അക്ഷരങ്ങൾ / അക്കങ്ങൾ ഉപയോഗിച്ച് ക്രമരഹിതമായ രീതിയിലാണ് വെബ്‌സൈറ്റ് അഡ്രസ് സംഘടിപ്പിക്കുന്നത്.

വ്യാജ വെബ്‌സൈറ്റുകൾ കൂടുതലായും സബ്‌ഡൊമെയിനിലൂടെയാണ് വെബ്പേജുകൾ സർക്കുലേറ്റ് ചെയ്യുന്നത്. ഡൊമെയിൻ പേര് പരിശോധിക്കുമ്പോൾ എക്സ്റ്റൻഷൻ കൂടി ശ്രദ്ധിക്കുക. ഔദ്യോഗിക വെബ്‌സൈറ്റിൽ നല്ല വ്യാകരണവും അക്ഷരവിന്യാസവും ഉണ്ടായിരിക്കും. 

അക്ഷരപിശകുകൾ ഉണ്ടാവാനിടയില്ല. ഒരു ഷോപ്പിങ് വെബ്സൈറ്റ് വ്യാജമാണോ എന്ന് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം ഉപഭോക്തൃ അവലോകനങ്ങളാണ് (Reviews). 

നിങ്ങൾ അപരിചിതമായ ഒരു വെബ്സൈറ്റിൽ ഷോപ്പിങ് നടത്താൻ ആഗ്രഹിക്കുമ്പോൾ, മുൻപത്തെ ഉപഭോക്തൃ അവലോകനങ്ങൾ പരിശോധിക്കുന്നത് ഷോപ്പിങ് അനുഭവങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. ഉപഭോക്താക്കൾ നൽകുന്ന മോശം അഭിപ്രായപ്രകടനങ്ങൾ, ചില മികച്ച പരാതി സൈറ്റുകളിൽ ഉപഭോക്തൃ അവലോകനങ്ങളായി കണ്ടെത്താനാകും. 

അവലോകനങ്ങൾ എല്ലായ്പ്പോഴും ഭൂരിപക്ഷ അനുഭവങ്ങളെ പ്രതിഫലിപ്പിച്ചേക്കില്ലെന്നും ഓർത്തിരിക്കുന്നത് നല്ലതാണ്.

വ്യാജ ഷോപ്പിങ് വെബ്‌സൈറ്റുകൾ കണ്ടെത്തുന്നതിന് യൂട്യൂബ് ഉപയോഗപ്രദമാക്കാം. നിരവധി ആളുകൾ തട്ടിപ്പ് വെബ്‌സൈറ്റുകളുടെ വിഡിയോകൾ സൃഷ്ടിക്കുകയും, അവർക്ക് ലഭിച്ച വ്യാജ ഉൽപന്നങ്ങളോ മോശം അനുഭവങ്ങളോ അവിടെ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. 

വെബ്സൈറ്റിന്റെ URL നോക്കുക. ‘http’ എന്നതിനുപകരം ‘https’ എന്ന് തുടങ്ങുകയാണെങ്കിൽ, TLS/SSL സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൈറ്റ് സുരക്ഷിതമാക്കിയിരിക്കുന്നു എന്നാണ് അർഥമാക്കുന്നത്. TLS എൻക്രിപ്ഷൻ ഉപയോഗിച്ച് സൈറ്റ് സുരക്ഷിതമാണെന്ന് കാണിക്കാൻ ബ്രൗസറുകൾ വിലാസ ബാറിൽ ഒരു ചെറിയ ലോക്ക് കാണിക്കും. 

ഒരു സുരക്ഷിത വെബ്സൈറ്റ് നിങ്ങളുടെ ഡേറ്റ ട്രാൻസിറ്റിൽ എൻക്രിപ്റ്റ് ചെയ്യും, അങ്ങനെ വിവരങ്ങൾ നിങ്ങളുടെ കംപ്യൂട്ടറിൽ നിന്ന് കമ്പനിയുടെ സെർവറിലേക്ക് ട്രാൻസിറ്റ് ചെയ്യുന്നതിനാൽ ഹാക്കർമാർക്ക് അത് കാണാനോ മോഷ്ടിക്കാനോ സാധിക്കില്ല.

പ്രശസ്‌തമായ ഒരു ഡൊമെയിനിന് സമാനമായ അല്ലെങ്കിൽ ചെറിയ വ്യത്യാസത്തിലുള്ള ഡൊമെയിനിനു പോലും, (ഉദാഹരണത്തിന് https://flippcart.com/),

ഡൊമെയിൻ കൈവശമുണ്ടെങ്കിൽ SSL സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടില്ല. ഒരു ഓർഗനൈസേഷന്റെ വ്യക്തിത്വവും ഒരു ബിസിനസ് എന്ന നിലയിൽ അവരുടെ നിയമസാധുതയും സർട്ടിഫിക്കറ്റ് വിവരങ്ങളും സാധാരണയായി വിലാസ ബാറിലെ പാഡ്‌ലോക്കിൽ ക്ലിക്കുചെയ്ത് നോക്കി മനസ്സിലാക്കാം.

ഒരു കമ്പനി യഥാർഥമാണോ അല്ലയോ എന്ന് അറിയാൻ സഹായിക്കുന്ന ചില സൂചകങ്ങൾ ഉണ്ട്. വിലാസവും ഫോൺ നമ്പറും, റിട്ടേൺ/എക്സ്ചേഞ്ച് പോളിസി, പ്രൈവസി സ്റ്റേറ്റ്മെന്റ്, റീഫണ്ട് പോളിസി, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയവ നൽകിയിരിക്കും.

ആരാണ് വെബ്‌സൈറ്റ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പരിശോധിക്കാം. ഉടമസ്ഥാവകാശം, ഫോൺ നമ്പർ, ഇമെയിൽ വിലാസം മുതലായ ലഭ്യമാകേണ്ട ഡേറ്റ കണ്ടെത്തിയില്ലെങ്കിൽ വെബ്സൈറ്റ് വ്യാജമാണെന്ന് മനസ്സിലാക്കാം. ഗൂഗിൾ ട്രാൻസ്പെരൻസി റിപ്പോർട്ട് പരിശോധിക്കാം. 

വെബ്‌സൈറ്റിൽ ഏതെങ്കിലും സുരക്ഷിതമല്ലാത്ത ഉള്ളടക്കം ഉണ്ടോ എന്ന് കണ്ടെത്താം. ഇതിനായി ഈ ലിങ്ക് https://transparencyreport.google.com/safe-browsing/search ഉപയോഗിക്കാം. 

ഷോപ്പിങ് സൈറ്റിനെക്കുറിച്ചു സംശയമുണ്ടെങ്കിൽ ആ ബ്രാൻഡിന്റെ സോഷ്യൽ മീഡിയ പ്രസൻസ് പരിശോധിക്കാവുന്നതാണ്.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance